ചാലിസഡൻ നിർവചനം

യേശുവിന്റെ ദ്വിസ്വഭാവത്തെ കുറിച്ച് വ്യക്തത കൊണ്ടുവരാനായിട്ടാണ് 451 എ.ഡിയിൽ ചാലിസഡൻ നിർവചനം രൂപീകരിച്ചത്. യേശു ഒരേ സമയം പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണെന്നും, അവന്റെ രണ്ട് പ്രകൃതങ്ങൾ തമ്മിൽ കൂടിക്കലരുകയോ വേർപിരിയുകയോ ചെയ്യുന്നില്ലെന്നും ഈ നിർവചനം വ്യക്തമാക്കുന്നു. യേശുവിനെ രണ്ട് വ്യക്തികളായി വിഭജിക്കുകയോ അവന്റെ ദൈവികവും മാനുഷികവുമായ പ്രകൃതങ്ങളെ കൂട്ടിക്കലർത്തുകയോ ചെയ്യുന്ന തെറ്റായ ഉപദേശത്തെ തിരുത്താനാണ് ഈ നിർവചനം രൂപീകരിച്ചത്. ചാലിസഡൻ നിർവചനം ക്രിസ്ത്യൻ സഭകളുടെ പ്രധാന വിശ്വാസപ്രമാണങ്ങളിൽ ഒന്നാണ്.

“പരിശുദ്ധ പിതാക്കന്മാരെ പിൻതുടർന്നുകൊണ്ട്, ഞങ്ങൾ എല്ലാവരും ഒരേ സ്വരത്തിൽ നിർവചിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഇതാണ്: നമ്മുടെ കർത്താവും ഏകപുത്രനുമായ യേശുക്രിസ്‌തു ദൈവസ്വഭാവത്തിൽ പൂർണ്ണനും മനുഷ്യസ്വഭാവത്തിൽ പൂർണ്ണനും ആകുന്നു. അവൻ യഥാർത്ഥ ദൈവവും യഥാർത്ഥ മനുഷ്യനും, യുക്തിയുള്ള ആത്മാവോടും ശരീരത്തോടും കൂടിയവനും, ദൈവത്വത്തെ സംബന്ധിച്ച് പിതാവിൻ്റെ അതേ സത്തയും മനുഷ്യത്വത്തെ സംബന്ധിച്ച് നമ്മുടെ അതേ സത്തയും ഉള്ളവനാകുന്നു.

പാപം ഒഴികെ എല്ലാം രീതിയിലും നമ്മോട് സമമായവനും, ദൈവത്വത്തെ സംബന്ധിച്ച് സകല കാലങ്ങൾക്കും മുമ്പേ പിതാവിൽനിന്നും ജനിച്ചവനും, മനുഷ്യത്വത്തെ സംബന്ധിച്ച് ഈ അന്ത്യനാളുകളിൽ നമുക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി ദൈവമാതാവായ കന്യാമറിയാമിൽനിന്നും ജനിച്ചവനും, ഈ ഒരേ ക്രിസ്തുവും പുത്രനും കർത്താവും ആകുന്നു.

ഒരേ ഒരു ഏകജാതനും, കലർപ്പില്ലാതെയും, മാറ്റമില്ലാതെയും, വിഭജിക്കപ്പെടാതെയും, വേർതിരിക്കപ്പെടാതെയും രണ്ടു സ്വഭാവങ്ങളിൽ (പ്രകൃതികളിൽ) അറിയപ്പെടുന്നവനുമാകുന്നു. ഈ ഏകീകരണം നിമിത്തം സ്വഭാവങ്ങളുടെ വ്യത്യാസം ഒരുവിധത്തിലും ഇല്ലാതാകുന്നില്ല. നേരെമറിച്ച്, ഓരോ സ്വഭാവത്തിൻ്റെയും പ്രത്യേകതകൾ പരിപാലിക്കപ്പെടുകയും ഒരേ ആളത്തത്തിൽ (വ്യക്തിത്വത്തിൽ) സംയോജിക്കുകയും ചെയ്യുന്നു.

അതുകൊണ്ട്, അവൻ രണ്ട് ആളത്തങ്ങളായി വിഭജിക്കപ്പെടുകയോ വേർതിരിക്കപ്പെടുകയോ ചെയ്യുന്നില്ല. അങ്ങനെ, ഒരേ ഒരു ഏകജാതനായ പുത്രനും, ദൈവവചനവും, കർത്താവായ ക്രിസ്തുവുമായി അവൻ നിലനിൽക്കുന്നു. ആരംഭം മുതൽ പ്രവാചകന്മാർ അവിടുത്തെക്കുറിച്ച് പ്രസ്താവിക്കുകയും കർത്താവായ യേശുക്രിസ്‌തു പഠിപ്പിക്കുകയും പരിശുദ്ധ പിതാക്കന്മാരുടെ വിശ്വാസപ്രമാണം നമുക്ക് കൈമാറിത്തരുകയും ചെയ്തതുപോലെ തന്നെ.”

Public Domain

You can copy, translate, modify, and distribute this resource, without restriction, and without needing to ask permission.

പുതിയ ലേഖനങ്ങൾ