പ്രിയ ________,
ദൈവവചനം കൂടുതൽ ആഴത്തിൽ വായിക്കുന്നതിനെക്കുറിച്ച് നീ എഴുതിയ കുറിപ്പ് എനിക്ക് ലഭിച്ചു. ഈ ചോദ്യം ചോദിച്ചതിന് നന്ദി.
നീ ബൈബിൾ വായനയെ ഗൗരവത്തോടെ കാണുന്നു എന്നത് എന്നെ ശരിക്കും പ്രചോദിപ്പിക്കുന്നു എന്ന് ആദ്യം തന്നെ പറയട്ടെ. ഞാൻ ബൈബിൾ കയ്യിലെടുക്കുമ്പോൾ, ഇത് പ്രപഞ്ച സ്രഷ്ടാവിൻ്റെ സ്വന്തം വാക്കുകൾ ആണല്ലോ എന്ന് ഓർത്ത് ചിലപ്പോഴൊക്കെ അത്ഭുതപ്പെടാറുണ്ട്. എത്ര വലിയൊരു അതിശയം!
നീ ദിവസവും ബൈബിൾ വായിക്കുന്നതും, അത് നിൻ്റെ എല്ലാ വികാരങ്ങളിലേക്കും ചിന്തകളിലേക്കും കടന്നുചെല്ലാൻ അനുവദിക്കുന്നതും തികച്ചും ശരിയായ കാര്യമാണ്. പൗലോസ് അപ്പോസ്തലൻ പറയുന്നത്, “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്, അത് സകല സൽപ്രവൃത്തിക്കും ഒരുവനെ സജ്ജമാക്കാൻ പ്രയോജനമുള്ളതാണ്” എന്നാണ്. ഇതിലൂടെ അദ്ദേഹം അർത്ഥമാക്കുന്നത്, വായിക്കാൻ പ്രയാസമുള്ളതോ ആശയക്കുഴപ്പമുണ്ടാക്കുന്നതോ ആയ ഭാഗങ്ങൾ പോലും കാലക്രമേണ നിൻ്റെ മനസ്സിനെയും ആത്മാവിനെയും സ്വാധീനിക്കുകയും, യേശുവിനുവേണ്ടി ഉറച്ചുനിൽക്കുന്ന ഒരു വ്യക്തിയായി (ഒരു സ്ത്രീയായി) നിന്നെ രൂപാന്തരപ്പെടുത്തുകയും ചെയ്യുമെന്നാണ്. ഈ ലോകത്തിൻ്റെ അബദ്ധങ്ങൾ തിരിച്ചറിയാനും യഥാർത്ഥത്തിൽ നല്ലതും മനോഹരവുമായ എല്ലാറ്റിനെയും സ്നേഹിക്കാനുമായി നിന്നെ മാറ്റിയെടുക്കാൻ തിരുവെഴുത്തിന് കഴിയും.
ദൈവവചനം കൂടുതൽ ആഴത്തിൽ പഠിക്കാനുള്ള ചില നിർദ്ദേശങ്ങൾ താഴെ നൽകുന്നു:
1. മുഴുവൻ ബൈബിളും സ്ഥിരമായി വായിക്കുക
എല്ലായ്‌പ്പോഴും ബൈബിൾ മുഴുവനായി വായിക്കുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നു. നീ നാല് ബുക്ക്‌മാർക്കുകൾ ഉപയോഗിച്ച് ഇത് ചെയ്യുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. അത് വളരെ നല്ലൊരു ശീലം തന്നെയാണ്. ഞാൻ 15 വർഷമായി ‘Discipleship Journal Reading Plan’ആണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത് M’Cheyne Bible Reading Plan (www.esv.org/biblereadingplans). ഈ പ്ലാൻ ഉപയോഗിച്ചാൽ ഒരു വർഷംകൊണ്ട് ബൈബിൾ മുഴുവൻ ഒരു പ്രാവശ്യവും, സങ്കീർത്തനങ്ങളും പുതിയ നിയമവും രണ്ട് പ്രാവശ്യവും വായിച്ചുതീർക്കാം.
2. ഒരു ഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക (Memorization)
ഇതുകൂടാതെ, അൽപ്പംകൂടി ആഴത്തിൽ പോകാനായി, ഒരു പ്രത്യേക വേദഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന്, ഒരു പുസ്തകം, അല്ലെങ്കിൽ ഗിരിപ്രഭാഷണം, അതുമല്ലെങ്കിൽ റോമർ 8-ാം അധ്യായം പോലെ ഏതെങ്കിലും ഒരു വേദഭാഗമെടുത്ത് ആഴത്തിൽ പഠിക്കുക . ആഴത്തിൽ പോകുന്നതിനുള്ള ഒരു മികച്ച മാർഗ്ഗം മനഃപാഠമാക്കുക എന്നതാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ് ഞാൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനം മുഴുവൻ മനഃപാഠമാക്കിയിരുന്നു. പിന്നീട് ഒരു പ്രസംഗത്തിൽ അത് ഞാൻ ഓർത്തെടുത്തു പറയുകയും ചെയ്തു. വചനത്തിൻ്റെ വലിയ ഭാഗങ്ങൾ മനഃപാഠമാക്കുന്നത് പോലുള്ള കാര്യങ്ങൾ നമ്മെ അതിൻ്റെ ആഴങ്ങളിലേക്ക് കൊണ്ടുപോകും.
3. വേദഭാഗം സാവധാനം എഴുതുക
നീ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക വേദഭാഗം, ഒരു നോട്ട്ബുക്കിൽ സാവധാനം നീട്ടി എഴുതുക. എൻ്റെ ഓരോ പ്രസംഗത്തിനും മുമ്പ് ഞാനിതു ചെയ്യാറുണ്ട്. ഇതിൻ്റെ പൂർണ്ണമായ കാരണം എനിക്ക് വിശദീകരിക്കാൻ കഴിയില്ല, പക്ഷേ എൻ്റെ പേനയ്ക്ക് ‘കണ്ണുകൾ’ ഉണ്ട്! ഞാൻ സാവധാനം ഓരോ വാചകവും എഴുതുമ്പോൾ, മുൻപൊരിക്കലും കാണാത്തതുപോലെ കാര്യങ്ങൾ ഞാൻ കാണാൻ തുടങ്ങും. എഴുതുന്നതിൻ്റെ മറ്റൊരു ഗുണം, ആവർത്തിക്കുന്ന വാക്കുകൾ അടയാളപ്പെടുത്താനും, ചില വാചകങ്ങൾക്ക് അടിവരയിടാനും, അവ പരസ്പരം ബന്ധിപ്പിക്കാനും സാധിക്കും എന്നതാണ്. ഒരു ഖണ്ഡികയിലെ ആശയബന്ധങ്ങൾ കാണുവാൻ ഇത് സഹായിക്കും. ഈ ബന്ധങ്ങളാണ് അതിൻ്റെ അർത്ഥം മനസ്സിലാക്കുന്നതിനുള്ള താക്കോൽ.
4. ഒരു നല്ല Study Bible ഉപയോഗിക്കുക
നല്ലൊരു പഠന ബൈബിളിൽ നിക്ഷേപിക്കുന്നത് നിനക്ക് ഒരു നല്ല കാര്യമായിരിക്കും എന്ന് ഞാൻ കരുതുന്നു. അല്ലെങ്കിൽ നിൻ്റെ പിറന്നാളിന് ഒരെണ്ണം വാങ്ങിത്തരാൻ മാതാപിതാക്കളോട് ആവശ്യപ്പെടുക (അല്ലെങ്കിൽ വീട്ടുജോലികളിൽ സഹായിക്കുന്നതിന്റെ പ്രതിഫലമായി!). നീ പഠിക്കുന്ന വേദഭാഗത്തിൻ്റെ ആമുഖം വായിക്കുക, ഒപ്പം അതിലെ കുറിപ്പുകളും വായിക്കുക. അവർ പറയുന്നത് എല്ലായ്‌പ്പോഴും ശരിയാണെന്ന് അനുമാനിക്കരുത് – ബൈബിൾ മാത്രമേ എല്ലായ്‌പ്പോഴും ശരിയായിരിക്കുകയുള്ളൂ. എന്നാൽ, നിനക്ക് സ്വയം കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾക്കായി നിൻ്റെ ചിന്തകളെ ഉണർത്താൻ ആ കുറിപ്പുകൾക്ക് സാധിക്കും.
5. പ്രാർത്ഥിക്കുക (അത് നിർണ്ണായകമാണ്)
പ്രാർത്ഥന തികച്ചും നിർണായകമാണ്; നീ പ്രാർത്ഥിക്കുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ദൈവം നമ്മുടെ പ്രാർത്ഥനകൾ കേൾക്കുകയും, അവൻ പറയുന്നത് ഗ്രഹിക്കാൻ തക്കവിധം നമ്മെ താഴ്മയുള്ളവരും, ശ്രദ്ധാലുക്കളും, അവനോട് താദാത്മ്യം ഉള്ളവരുമായിത്തീരാൻ സഹായിക്കുകയും ചെയ്യുന്നു.
ഞാൻ ബൈബിൾ വായിച്ചുതുടങ്ങുന്നതിനു മുൻപ് എപ്പോഴും ഈ ചുരുക്ക പ്രാർത്ഥനകളാണ് ഉപയോഗിക്കാറ്:
- ചായുമാറാക്കേണമേ – “അങ്ങയുടെ സാക്ഷ്യങ്ങളിലേക്ക് എൻ്റെ ഹൃദയം ചായുമാറാക്കേണമേ” (സങ്കീർത്തനം 119:36). (കാരണം എൻ്റെ ഹൃദയം ഉറങ്ങാനും ജോലി ചെയ്യാനും ബൈബിളല്ലാത്ത പല കാര്യങ്ങൾക്കുമായി ചാഞ്ഞുപോകാൻ സാധ്യതയുണ്ട്.)
- തുറക്കേണമേ – “അങ്ങയുടെ ന്യായപ്രമാണത്തിലെ അദ്ഭുതങ്ങളെ കാണേണ്ടതിന് എൻ്റെ കണ്ണുകളെ തുറക്കേണമേ” (സങ്കീർത്തനം 119:18). (കാരണം എൻ്റെ ഹൃദയം പലപ്പോഴും മന്ദതയുള്ളതും വചനത്തിലെ അത്ഭുതങ്ങളെ കാണാൻ കഴിയാത്തവിധം അന്ധവുമാണ്.)
- ഏകാഗ്രമാക്കേണമേ – “അങ്ങയുടെ നാമത്തെ ഭയപ്പെടുവാൻ എൻ്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ” (സങ്കീർത്തനം 86:11). (കാരണം എൻ്റെ ഹൃദയം പലപ്പോഴും ഭിന്നിച്ചും പല ദിശകളിലേക്ക് ശ്രദ്ധ പതറിയും ഇരിക്കും.)
- തൃപ്തരാക്കേണമേ – “അങ്ങയുടെ അചഞ്ചലമായ സ്നേഹത്താൽ ഞങ്ങളെ തൃപ്തരാക്കേണമേ” (സങ്കീർത്തനം 90:14). (കാരണം മറ്റ് പലതിലും തൃപ്തിയടയാൻ എൻ്റെ ഹൃദയം പ്രലോഭിപ്പിക്കപ്പെടുന്നു.)
ഈ പ്രാർത്ഥനകൾക്ക് പുറമേ, ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രാർത്ഥനകൾ പ്രാർത്ഥിക്കാൻ പരിശീലിക്കുക. കർത്താവിൻ്റെ പ്രാർത്ഥന കൂടാതെ, എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എഫെസ്യർ 3:14–19-ലെ പ്രാർത്ഥനയാണ്. ഈ പ്രാർത്ഥനകൾ ദൈവം നമ്മെ പഠിപ്പിച്ച തരത്തിലുള്ള ആഗ്രഹങ്ങളെ നമ്മുടെ ഹൃദയത്തിൽ ഇഴചേർക്കുന്നു.
ഇത് നിനക്ക് സഹായകമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കൃപ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ! ദൈവവചനത്തിൽ നീ ഉറച്ചുനിൽക്കുക!
പൗലോസിൻ്റെ ഓരോ കത്തും തുടക്കത്തിൽ “നിങ്ങൾക്ക് കൃപ ഉണ്ടാകട്ടെ” എന്ന വാക്കുകളോടുകൂടിയും അവസാനത്തോട് അടുത്ത് “കൃപ നിങ്ങളോടു കൂടെ ഇരിക്കുമാറാകട്ടെ” എന്ന വാചകത്തോടുകൂടിയുമാണ് അവസാനിക്കുന്നത് എന്ന് നീ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ആ കത്തുകൾ വായിക്കുമ്പോൾ ദൈവകൃപ ആ എഴുത്തിലൂടെ നമ്മളിലേക്ക് വരുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാം എന്നാണ് ഞാൻ കരുതുന്നത്. ആ എഴുത്ത് വായിച്ചു കഴിഞ്ഞ ശേഷം നാം സ്കൂളിലേക്കോ ജോലിക്കോ പോകുവാൻ തയ്യാറാകുമ്പോൾ, ദൈവകൃപ നമ്മോടൊപ്പം പോരും എന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.
അതുകൊണ്ട്, ഞാൻ ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ, പൗലോസിനോടൊപ്പം ഞാനും പറയുന്നു: കൃപ നിങ്ങളോടു കൂടെ ഇരിക്കുമാറാകട്ടെ. എന്തെന്നാൽ, നീ ദിവസവും ദൈവവചനം വായിക്കുമ്പോൾ ദൈവകൃപ നിനക്ക് എന്നും ലഭ്യമാകും. നീ അത് തുടരുക. നീ അതിനെക്കുറിച്ച് ഒരിക്കലും ഖേദിക്കേണ്ടിവരില്ല.
സ്നേഹത്തോടെ,
പാസ്റ്റർ ജോൺ









